‘ഞാന്‍ മതേതര ഇന്ത്യയില്‍ ജീവിക്കുകയും വളരുകയും ചെയ്തു. ദൈവം അനുഗ്രഹിച്ചാല്‍ സമയമെത്തുമ്പോള്‍ മതേതര ഇന്ത്യയില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്നു’…’ബിഫോര്‍ മെമ്മറി ഫെയ്ഡ്സ് എന്ന ആത്മകഥയിൽ മതേതര ഇന്ത്യയുടെ നിലനിൽപ്പിനെക്കുറിച്ച് മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാൻ കുറിച്ചിട്ടത് ഇങ്ങനെയാണ്. മതേതര ഇന്ത്യ അതിന്റെ അസ്തമയത്തിലേക്കോ എന്ന ചോദ്യം ജനാധിപത്യ വാദികൾ തുടരെ ഉയർത്തുമ്പോഴാണ് നരിമാൻ തന്റെ സംഭവബഹുലമായ നിയമജീവിതത്തിന് വിരാമമിട്ട് മടങ്ങുന്നത്.
വ്യവസ്ഥിതികളോട് ഒത്തുതീർപ്പുകൾ ഇല്ലാതെ സമരം ചെയ്യുന്ന സ്വഭാവക്കാരൻ -ഫാലി എസ് നരിമാൻ എന്ന സുപ്രീംകോടതി അഭിഭാഷകനെ വരുംകാലത്തെ നിയമവൃത്തങ്ങളും ജനാധിപത്യ വാദികളും വരച്ചിടുന്നത് ഇങ്ങനെയാകും. 1972 മെയ് മുതല്‍ 1975 ജൂണ്‍ വരെ അഡിഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവർത്തിച്ചിരുന്ന നരിമാൻ ജനാധിപത്യം അതിന്റെ അസ്തിത്വമില്ലായ്മയിൽ വിലപിച്ച ഒരുഘട്ടത്തിലാണ് ആ സ്ഥാനം ഒഴിയുന്നത് – ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് …
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിഷയത്തിലെ വിധിയെയും നരിമാന് വിമര്‍ശിച്ചിരുന്നു. ഇന്ത്യൻ ഭരണഘടന സംബന്ധിച്ച ചർച്ചകളിൽ രാജ്യം തേടിയിരുന്ന ഉത്തരങ്ങൾ നൽകാൻ പാകത്തിന് അഗാധ പാണ്ഡിത്യം ഫാലി എസ് നരിമാന് ഉണ്ടായിരുന്നു. പ്രസിദ്ധമായ എൻജെഎസി വിധി ഉൾപ്പെടെ നിരവധി സുപ്രധാന കേസുകൾ ഫാലി എസ് നരിമാൻ വാദിച്ചിട്ടുണ്ട്. സുപ്രധാന SC AoR അസോസിയേഷൻ കേസ് (കൊളീജിയം സംവിധാനത്തിലേക്ക് നയിച്ചത്), TMA പൈ കേസ് (ആർട്ടിക്കിൾ 30 പ്രകാരം ന്യൂനപക്ഷ അവകാശങ്ങളുടെ പരിധിയിൽ) മുതലായവയിലും അദ്ദേഹം ഹാജരായിട്ടുണ്ട്. .അന്താരാഷ്ട്ര ഒത്തുതീർപ്പ് (international arbitration) വിദഗ്ദ്ധനാണ് നരിമാൻ.
ഫാലി എസ് നരിമാന്റെ മകന് റോഹിണ്‍ടണ്‍ നരിമാന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ജഡ്ജിയുമായിരുന്നു. ബാപ്സിയാണ് ഭാര്യ. മകൾ അനഹീത സ്പീച്ച് തെറാപ്പിസ്റ്റാണ്.ഫാലി എസ് നരിമാന്റെ ആത്മകഥയായ ‘ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്’ എന്ന പുസ്തകം വളരെ പ്രശസ്തമാണ്. നിയമ വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും ഏറെ പ്രചോദനമേകുന്നതാണ് ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്. ‘ദ സ്റ്റേറ്റ് ഓഫ് നാഷന്’,’ഗോഡ് സേവ് ദ ഹോണറിബിള് സുപ്രീംകോര്‍ട്ട്’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങള്‍.
1971 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ് അദ്ദേഹം 1991-ൽ രാജ്യം പദ്മഭൂഷണും 2007-ൽ പദ്മ വിഭൂഷണും നൽകി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1929 ജനുവരി 10-ന് റംഗൂണിൽ ഇന്ത്യയിൽ നിന്നുള്ള പാഴ്സി ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവുമാണ്. ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകവൃത്തി ആരംഭിച്ചത്.