ന്യൂഡൽഹി : കേന്ദ്ര ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ ബീഫ് കയറ്റുമതി കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവനയായി നൽകിയത് എട്ടു കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനികളിലൊന്നായ അല്ലാന ഗ്രൂപ്പിനു കീഴിൽ വരുന്ന കമ്പനികളാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി കൈമാറിയത്.
2019 ജനുവരിയിൽ ആദായനികുതിവകുപ്പിന്റെ മുംബൈ വിഭാഗം അല്ലാന ഗ്രൂപ്പിന്റെ നൂറിലധികം യൂണിറ്റുകളിലായി രണ്ടു ദിവസം നീണ്ട പരിശോധന നടത്തി. 2019 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ അല്ലാന ഗ്രൂപ്പ് 2000 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണം ആദായനികുതി ഉദ്യോഗസ്ഥർ ഉയര്‍ത്തി. 2019 മെയ് മാസത്തിൽ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. ജൂലൈയിൽ അല്ലാന ഗ്രൂപ്പിനു കീഴിൽ വരുന്ന മൂന്നു കമ്പനി നാലു ഘട്ടത്തിലായി ആറു കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി കൈമാറി. മറ്റൊരു കമ്പനി 2020 ജനുവരിയിൽ രണ്ടു കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളും വാങ്ങി നൽകി. ഇതിനുശേഷം അല്ലാന ഗ്രൂപ്പ് കമ്പനികൾക്കെതിരെ ആദായനികുതിവകുപ്പിന്റെ നടപടികളൊന്നുമുണ്ടായില്ല. എസ്ബിഐയിൽനിന്ന് കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ 30 കമ്പനിയിൽ 14 എണ്ണം പല ഘട്ടങ്ങളിലായി കേന്ദ്ര ഏജൻസികളുടെയോ സംസ്ഥാന ഏജൻസികളുടെയോ അന്വേഷണം നേരിട്ടിട്ടുണ്ട്.