പത്തനംതിട്ട : ഗവിയില്‍ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വനം വകുപ്പ് വാച്ചറെ മര്‍ദിച്ചെന്ന് ആരോപിച്ച് വനം വികസന കോര്പറേഷന് ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഞായറാഴ്ച വൈകുന്നേരം വാച്ചറായ വര്‍ഗീസ് രാജിനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം.
ഇദ്ദേഹത്തിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസ് കേസെടുത്തു. പീരുമേട് പോലീസ് സ്റ്റേഷനിലാണ് മര്‍ദനമേറ്റ പരാതി വര്‍ഗീസ് ആദ്യം കൊടുക്കുന്നത് പിന്നീട് മൂഴിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയശേഷമാണ് വര്‍ഗീസ് ഭാര്യയുമായി വനം വികസനകോര്‍പറേഷന്റെ മുന്പില് എത്തി പ്രതിഷേധം ആരംഭിച്ചത്. പിന്നീട് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരുമെത്തി പ്രതിഷേധത്തില്‍ അണിചേര്‍ന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തി.