ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് 17-ാം സീസണിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎലിലെ രണ്ടാം പാദ മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ എല്ലാം ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ജയ് ഷാ അറിയിച്ചത്.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 7 വരെയുള്ള ആദ്യ 21 മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ബിസിസിഐ പുറത്തുവിട്ടിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാക്കി മത്സരങ്ങളുടെ സമയക്രമം കൂടി അടുത്ത ദിവസം തന്നെ പുറത്തുവിട്ടേക്കും. മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്.
ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.