മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇത് സംബന്ധിച്ച് ബിസിസിഐയുമായി കരാര്‍ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിനൊപ്പമുള്ള പരിശീലകസംഘത്തെയും നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡ് വഹിച്ച പങ്ക് ചൂട്ടിക്കാട്ടിയാണ് കരാര്‍ നീട്ടാനുള്ള ബിസിസിഐയുടെ തീരുമാനം.
തന്നിലര്‍പ്പിച്ച വിശ്വാസങ്ങള്‍ക്ക് ബിസിസിഐക്ക് നന്ദി പറയുന്നതായി രാഹുല്‍ പറഞ്ഞു. വിക്രം റാത്തോഡ് ബാറ്റിങ് കോച്ചായും. പരസ് മാംബ്രെ ബൗളിങ് കോച്ചായും ടി ദിലീപ് ഫീല്‍ഡിങ് കോച്ചായും തുടരും.
രാഹുല്‍ ദ്രാവിഡിന്റെ പ്രൊഫഷണിലിസവും കാഴ്ചപ്പാടും കഠിനാദ്ധ്വാനവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്ണായകമായിരുന്നെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിന്റെ തെളിവാണ്. കോച്ചായി തുടരാനുള്ള ഓഫര്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം വിജയകരമായ യാത്ര തുടരുമെന്നും ബിന്നി പറഞ്ഞു.
നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ദ്രാവിഡ് താത്പര്യമില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ലെ ടി 20 ലോകകപ്പിന് ശേഷം രവിശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് രണ്ടുവര്‍ഷത്തേക്ക് പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ലോകകപ്പോടെ കരാര്‍ അവസാനിച്ചിരുന്നു. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും റണ്ണറപ്പായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടായിരുന്നു ഇന്ത്യയുടെ പരാജയം.