ബെർലിൻ: 2012-ന് ശേഷം ആദ്യമായി ജർമൻ ബുന്ദസ് ലീഗ ട്രോഫിയിൽ മുത്തമിടാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മോഹത്തിന് അപ്രതീക്ഷിത തിരിച്ചടി.ലീഗിലെ അവസാന മത്സരത്തിൽ മെയ്ൻസ് 05-നോട് സമനില വഴങ്ങിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഇതേസമയം തന്നെ നടന്ന മറ്റൊരു മത്സരത്തിൽ കോളോണിനെതിരെ നേടിയ 2-1 വിജയത്തോടെ, ഡോർട്ട്മുണ്ടിന്റെ ചിരവൈരികളായ ബയൺ മ്യൂണിക്ക് തുടർച്ചയായ 11-ാം ലീഗ് കിരീടം നേടി .
കപ്പിൽ മുത്തമിടാൻ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഡോർട്ട്മുണ്ട്, സമനിലയോടെ പോയിന്റ് നിലയിൽ ബയണിന് ഒപ്പമാണ് ഫിനിഷ് ചെയ്തത്. മികച്ച ഗോൾവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ബയൺ ചാമ്പ്യന്മാരായത്. 89-ാം മിനിറ്റിൽ ജമാൽ മ്യൂസിയാള നേടിയ ഗോളാണ് ബയണിന് എക്കാലവും ഓർത്തിരിക്കാവുന്ന ട്വിസ്റ്റ് ജയം സമ്മാനിച്ചത്. കിംഗ്സ്ലി കോമാൻ നേടിയ ആദ്യ പകുതിയിലെ ഗോളോടെ ബവേറിയൻസ് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.
ആന്ദ്രേസ് ഹാൻചെ ഓൽസൻ(15′), കരിം ഒനിസിവോ(24′) എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകൾക്ക് മുമ്പിൽ പതറിയതാണ് ഡോർട്ട്മുണ്ടിന് സംഭവിച്ച വീഴ്ച. റാഫേൽ ഗറീറോ(69′), നിക്ലാസ് സിലെ(90+6′) എന്നിവരുടെ ഗോളുകൾ സമനിലയ്ക്കപ്പുറം ലീഗ് കിരീടം നേടാൻ പ്രയോജനപ്പെട്ടില്ല.