തൃശൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പൊതുയോഗത്തിലും ചാനൽ ചർച്ചകളിലും അപമാനിച്ചതിന് കെപിസിസി എക്സിക്യുട്ടീവ് അംഗം അനിൽ അക്കരയ്ക്ക് വക്കീൽ നോട്ടീസ്. കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തൃശൂർ കുട്ടൻകുളങ്ങര പുത്തൂർവീട്ടിൽ എഡ്വിൻ ലോനപ്പനാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ചെലവും ആവശ്യപ്പെട്ട് അഡ്വ. കെ കെ ഗോപിനാഥൻ മുഖേന നോട്ടീസ് അയച്ചത്. പത്തുദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക ഈടാക്കാൻ സിവിലായും ക്രിമിനലായും നടപടി ആരംഭിക്കും.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായോ പണാപഹരണവുമായോ എഡ്വിന് ബന്ധമില്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കോൺഗ്രസ് സെപ്തംബർ 13ന് തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ പൊതുയോഗത്തിൽ കരുവന്നൂർ ബാങ്ക് പണാപഹരണത്തിൽ എഡ്വിന് പങ്കുണ്ടെന്നും ബാങ്കിൽനിന്ന് തട്ടിയെടുത്ത പണം കൂർക്കഞ്ചേരി ബാങ്കിൽ നിക്ഷേപിച്ചെന്നും അനിൽ അക്കര പ്രസംഗിച്ചു. എഡ്വിനെതിരെ മോശം പരാമർശങ്ങളും അനിൽ നടത്തി.
രണ്ടുകോടി രൂപ എഡ്വിൻ മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ചിരുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണവും അനിൽ സെപ്തംബർ 21ന് വിവിധ ചാനലുകളിലെ ചർച്ചയിൽ ഉന്നയിച്ചു.