യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് പ്രിൻസെസിൽ രണ്ടാം പകുതിയിലായിരുന്നു കൂടുതൽ ഗോളുകൾ പിറന്നത്. ആദ്യ പകുതിയിലെ 37ാം മിനുട്ടിൽ ബ്രസീൽ താരം റാഫീഞ്ഞയിലൂടെ ബാർസയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉസ്മാൻ ഡെമ്പലെ, വിറ്റിന്യ എന്നിവരിലൂടെ പിഎസ്ജി തിരിച്ചടിച്ചു. 48, 50 മിനുട്ടുകളിലായിരുന്നു ഗോളുകൾ. 62ാം മിനുട്ടിൽ രണ്ടാം ഗോൾ നേടി റാഫീഞ്ഞ ബാർസയെ ഒപ്പമെത്തിച്ചു. 77ാം മിനുട്ടിൽ കോർണർ കിക്കിൽ നിന്ന് ആന്ദ്രേ ക്രിസ്റ്റ്യൻസനാണ് ബാർസയുടെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പാദം 17ന് ബാർസലോണയുടെ ഹോം ഗ്രൗണ്ടിൽ നടക്കും.
ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാന്റെ മികവിലായിരുന്നു അത്ലറ്റിക്കോയുടെ മുന്നേറ്റം. 4ാം മിനുട്ടിൽ മധ്യനിര താരം റോഡ്രിഗ്രോ ഡിപോളിന്റെ ഗോളിൽ മുന്നിലെത്തിയ അത്ലറ്റിക്കോ 32ാം മിനുട്ടിൽ സാമുവേൽ ലിനോയിലൂടെ ലീഡ് രണ്ടാക്കി. 81ാം മിനുട്ടിൽ സെബാസ്റ്റ്യൻ ഹാളറാണ് ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ അത്ലറ്റിക്കോ 9 ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ഡോർട്ട്മുണ്ടിന്റെ ശ്രമം നാലിൽ ഒതുങ്ങി. രണ്ടാം പാദം 17ന് ഡോർട്ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിലാണ്.