കൊച്ചി : സംസ്ഥാനത്ത് വിൽക്കുന്ന പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്ജനം എന്നിവയിൽ ഉഗ്ര–-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി . കൃഷിവകുപ്പിന്റെ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തൽ. പലതിലും വിൽപ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുണ്ട് എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.
തക്കാളി, കാപ്സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ് അത്യുഗ്ര വിഷവിഭാഗത്തിൽപ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം. കാപ്സിക്കം (ചുവപ്പ്), കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്മീരി ഉണക്കമുളക് എന്നിവയിൽ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും തെളിഞ്ഞു. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറട്ടറിയിലായിരുന്നു പരിശോധന. സംസ്ഥാനത്ത് 2011 മുതൽ വിൽപ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളാണിവ.
മറ്റിനങ്ങളിൽ ഉഗ്രവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്. ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിലെ റിപ്പോർട്ടാണ് പുറത്തുവന്നത്. 311 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 88 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യം. 52 പച്ചക്കറികളും 23 സുഗന്ധവ്യഞ്ജനങ്ങളും 11 പഴവർഗങ്ങളും രണ്ട് ഭക്ഷ്യവസ്തുക്കളിലുമായാണ് സാന്നിധ്യം കണ്ടെത്തിയത്.
സംസ്ഥാനത്തെ കർഷകരിൽനിന്ന് നേരിട്ടുവാങ്ങുന്നവയിലും ഇക്കോഷോപ്പുകളിലും ജൈവം ലേബലിൽ വിൽക്കുന്നവയിലും കീടനാശിനി സാന്നിധ്യം കുറവാണെന്നും കണ്ടെത്തി. ബജി മുളക്, കശ്മീരി മുളക്, പുതിനയില, മുളകുപൊടി, കസൂരിമേത്തി എന്നിവയിൽ എട്ടുമുതൽ 12 വരെ കീടനാശിനികളുടെ സാന്നിധ്യമുള്ളത് ആശങ്കാജനകമാണ്. മിക്കയിനം കീടനാശിനികളും സംസ്ഥാനത്തിനുപുറത്തുനിന്നുള്ളവയിലാണ്.
ഉഗ്രവിഷവിഭാഗത്തിൽ ഉൾപ്പെടുന്ന കീടനാശിനി കണ്ടെത്തിയ ഇനങ്ങൾ:
പൊതുവിപണി
ബീൻസ്, പാവൽ, ശീമച്ചക്ക, കാബേജ്, കാപ്സിക്കം (പച്ച–ചുവപ്പ്–മഞ്ഞ), സലെറി, സാമ്പാർമുളക്, മുരിങ്ങക്ക, പുതിനയില, ഉരുളക്കിഴങ്ങ്, പടവലം, പയർ, ആപ്പിൾ പച്ച, റോബസ്റ്റ, മുന്തിരി കറുപ്പ്, ഏലക്ക, മല്ലിപ്പൊടി, ജീരകം, കശ്മീരി മുളക്, കസൂരിമേത്തി, ഉണക്കമുന്തിരി.
കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്നവ
ചുവപ്പുചീര, വെണ്ട, വെള്ളരി, തക്കാളി, പയർ.
ഇക്കോഷോപ്പിൽനിന്ന് : പയർ.
ജൈവം ലേബലിൽ : കാപ്സിക്കം പച്ച, ചതകുപ്പ, മുളക്, പെരുംജീരകം.