ബാങ്ക് അക്കൗണ്ടുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. നോട്ടീസടിക്കാൻ പോലും പണമില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സിറ്റിംഗ് എംപി പരിതപിക്കുന്ന സ്ഥിതി വരെയായി. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിക്കപ്പെട്ടത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെല്ലാം വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സ്ഥാനാര്‍ത്ഥികളടക്കം അനുഭവിക്കുന്നത്. ചിലയിടങ്ങളില്‍ ക്രൗഡ് ഫണ്ടിംഗ് നടത്തി പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
2018-19ൽ ആദായനികുതി റിട്ടേണ്‍ അടക്കാന്‍ 45 ദിവസം വൈകിയെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുന്നത്. നോട്ടീസ് പോലും നല്‍കാതെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തിരുമാനിച്ചത്. ഇത് അപ്രതീക്ഷിതമായിരുന്നു. ബിജെപി നേതൃത്വം ആസൂത്രിതമായി എടുത്ത തീരുമാനമാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും സ്ഥാനാര്‍ത്ഥികളും സ്വന്തം നിലക്ക് പണം കണ്ടെത്താനാണ് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ ഉറപ്പൊന്നുമില്ല. മേൽഘടകത്തിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടാത്തത് മൂലം കേരളത്തില്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പ്രാദേശിക തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.
ഹൈക്കമാന്റിൽ സ്വാധീനമുള്ള ചുരുക്കം ചില കോൺഗ്രസ് സ്ഥാനാർത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ പ്രചാരണം നടത്തുന്നുമുണ്ട്. എന്നാല്‍ കെപിസിസിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കാര്യമായി മുന്നോട്ടുനീക്കാന്‍ കഴിഞ്ഞിട്ടില്ല. പല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും ക്രൗഡ് ഫണ്ടിങ്ങിനെ എതിര്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിരിവിനിറങ്ങിയാല്‍ അത് രാഷ്ട്രീമായി വളരെ ദോഷം ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബിജെപി ഈ നീക്കത്തെ പ്രചാരണായുധമാക്കുമെന്നും ചില ഉത്തരേന്ത്യന്‍ പിസിസികള്‍ ഐഐസിസി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം ഈ ഘട്ടത്തില്‍ നടപ്പാകില്ലന്നാണ് രാജസ്ഥാന്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുന്നത്. എന്നാൽ കൂപ്പണ്‍ അടിച്ച് ജനങ്ങളില്‍ നിന്നും പണം പിരിക്കാമെന്നാണ് കേരളത്തിലെ ചില നേതാക്കളുടെ അഭിപ്രായം. ഇത് കേന്ദ്രസർക്കാരിനെതിരെ മികച്ച രാഷ്ട്രീയപ്രചാരണമാക്കി മാറ്റാമെന്നും ഇവർ പറയുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതിയോ രാഷ്ട്രീയ സാഹചര്യങ്ങളോ അല്ല മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളത്. അവിടെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് അങ്ങോട്ട് പണം നല്കുന്ന രീതി വരെയുണ്ട്. ജനങ്ങളോട് പണം ചോദിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് പോലും അര്‍ത്ഥമില്ലെന്നാണ് ആ സംസ്ഥാനങ്ങളിലെ നേതൃത്വം പറയുന്നത്.
കേരളത്തില്‍ സമൂഹമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ കൂടുതൽ സജീവമാകാന്‍ പ്രവർത്തകർക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റുമാർ അവരവരുടെ പ്രദേശത്ത് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ പ്രചാരണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം, ബ്ളോക്ക് കമ്മറ്റികളും ഡിസിസികളും പ്രാദേശികമായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അക്കൗണ്ടുകള്‍ മരവിപ്പിച്ചത് മൂലമുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. സിപിഎം നിര്‍ബാധം ഫണ്ടൊഴുക്കുമ്പോള് നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് പ്രചാരണരംഗത്തെന്ന് മീറ്റിംഗില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. ഇതാദ്യമായാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നത്.
കേരളത്തിൽ സ്വന്തം നിലക്ക് വലിയ ഫണ്ടുകള്‍ സ്വരൂപിക്കാന്‍ കഴിയുന്ന നേതാക്കള്‍ കുറവാണ്. മിക്ക സ്ഥാനാർത്ഥികളും എഐസിസിയും കെപിസിസിയും കൊടുക്കുന്ന പണമാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാറുള്ളത്. ഫണ്ട് എത്തിയില്ലെങ്കിൽ ഇലക്ഷന്റെ മൂർദ്ധന്യാവസ്ഥയിൽ പണമില്ലാതെ പ്രചാരണസംവിധാനം നിശ്ചലമാകുന്ന അവസ്ഥ വന്നേക്കാം. ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കുകയല്ലാതെ നിലവില്‍ മറ്റൊരു മാര്‍ഗവും കോൺഗ്രസിന്റെ മുന്നിലില്ല. അടുത്ത ഒരു മാസം പ്രചാരണം മുന്നോട്ടു കൊണ്ടുപോകാൻ നാട്ടുകാരുടെ കയ്യിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഒട്ടും തികയില്ലെന്ന് നേതാക്കൾക്ക് ബോധ്യമുണ്ട്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒരവസരമായിക്കണ്ട് ഇടതുമുന്നണി പ്രചാരണം കൊഴുപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുന്നു.