ന്യൂഡൽഹി: വിരാട് കോഹ്ലിക്ക് സാധിക്കാത്തത് സൃമി മന്ദാനക്ക് സാധിച്ചു. 16 വർഷം ഐപിഎൽ കളിച്ചിട്ടും കിരീടം നേടാൻ കഴിയാതിരുന്ന ബാഗ്ലൂർ പുരുഷ ടീമിനെ കാഴ്ച്ചക്കാരാക്കിയാണ് വനിത ടീം ആദ്യ കിരീടം നേടിയത്. ബാഗ്ലൂർ ഫ്രാഞ്ചൈസിയുടെ ആദ്യ കിരീടമാണിത്. ഫൈനലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് കിരീട നേട്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു.
മത്സരത്തിൽ 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്. റിച്ച ഘോഷ് 14 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെനിന്നു. ഡൽഹിക്കായി ശിഖ പാണ്ഡെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് നേടി. രണ്ടോവറിൽ 12 റൺസ് വഴങ്ങിയായിരുന്നു മിന്നുവിന്റെ വിക്കറ്റ് നേട്ടം.
നേരത്തെ തകർപ്പൻ തുടക്കത്തിന് ശേഷം ഡൽഹി നാടകീയമായി തകർന്നടിയുകയായിരുന്നു. ഓപണർമാരായ മേഗ് ലാന്നിങ്ങും ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 64 റൺസ് അടിച്ചെടുത്ത ശേഷമായിരുന്നു ആതിഥേയരുടെ തകർച്ച. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റ് നേടിയ സോഫീ മോലിന്യൂക്സും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.