ന്യൂഡല്‍ഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ മുംബൈയെ അഞ്ച് റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ വനിത പ്രീമിയർ ലീഗിന്റെ ഫൈനലിൽ കടന്നു. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ മലയാളി ആശ ശോഭനയുടെ കണിശതയാര്‍ന്ന ബൗളിങ്ങാണ് ടീമിനെ തുണച്ചത്. നാറ്റ് സ്കിവര്‍ ബ്രണ്ട് (17 പന്തില്‍ 23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 33), അമേലിയ കെര്‍ (25 പന്തില്‍ പുറത്താകാതെ 27) എന്നിവരുടെ പ്രകടനങ്ങള്‍ക്കൊന്നും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. 18-ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി. ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീൽ നാല് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറുവിക്കറ്റിനാണ് 135 റണ്‍സിലെത്തിയത്. തുടക്കത്തിലെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറിയാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറില്‍ എത്തിയത്. സോഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവർ പെട്ടെന്ന് മടങ്ങി. വണ്‍ഡൗണായി എത്തിയ എലിസ് പെറി 50 പന്തില്‍ 66 റണ്‍സുമായി തിളങ്ങിയതാണ് മാന്യമായ സ്കോറിലേക്ക് ബാംഗ്ലൂരിനെ എത്തിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. ബാംഗ്ലൂർ ആദ്യമായാണ് വനിത പ്രീമിയർ ലീഗിൽ ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് മുംബൈ.