ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അപകടത്തിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾ സി.ബി.ഐ. തള്ളി. സീനിയർ സെക്ഷൻ എൻജിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോലിക്കിടെ മൂന്ന് പേർക്കുമുണ്ടായ പിഴവുകൾ അപകടത്തിലേക്ക് നയിച്ചതായി വെളിപ്പെട്ടെന്ന് സി.ബി.ഐ അറിയിച്ചു. എന്നാൽ പ്രവൃത്തി ദുരന്തത്തിൽ കലാശിക്കുമെന്ന് പ്രതികൾക്ക് അറിവില്ലാതിരുന്നതിനാലാണ് കൊലപാതക്കുറ്റം ചുമത്താതിരുന്നതെന്നും സി.ബി.ഐ വ്യക്തമാക്കി. അപകടത്തിന് സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക്) വിഭാഗങ്ങളാണ് ഉത്തരവാദികളെന്ന് റെയിൽവേ സുരക്ഷാ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ബാലസോറിൽ അപകടം നടന്ന സ്ഥലത്ത് ലെവൽ ക്രോസിംഗ് ലൊക്കേഷൻ ബോക്സിനുള്ളിലെ വയറുകൾ തെറ്റായി അടയാളപ്പെടുത്തിയിരുന്നതായി റെയിൽവേ സുരക്ഷാ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇത് അറ്റകുറ്റപ്പണിക്കിടെ ആശയക്കുഴപ്പത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് സമാന്തര ട്രാക്കുകളെ ബന്ധിപ്പിക്കുന്ന സ്വിച്ചുകളുടെ പ്രവർത്തനത്തിൽ പിഴവുകൾ കണ്ടെത്തിയത് യഥാസമയം റിപ്പോർട്ട് ചെയ്തില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ജൂൺ രണ്ടിനാണ് ചെന്നൈ -കോറമണ്ഡൽ എക്സ്പ്രസ്, ചരക്ക് ട്രെയിൻ, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എന്നിവ അപകടത്തിൽപ്പെട്ടത്.