ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. 900 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. ദുരന്ത വ്യാപ്തിയുടെ കണക്കിൽ രാജ്യത്തെ വലിയ നാലാമത്തെ ട്രെയിൻ ദുരന്തവും.
അപകടസ്ഥലത്ത് എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.
ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളംതെറ്റി. എട്ടോളം കോച്ചുകളാണ് പാളംതെറ്റിയത്. മറ്റൊരു ട്രാക്കിലേക്ക് വീണ കോച്ചുകളിലൊന്നിൽ ഈ സമയം ഇതുവഴി കടന്നുപോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ബംഗളൂരുവിൽനിന്ന് കോൽക്കത്തയിലേക്ക് പോകുകയായിരുന്നു യശ്വന്ത്പൂർ എക്സ്പ്രസ്. കോറമണ്ഡൽ എക്സ്പ്രസിന്റെ 23 ബോഗികളിൽ 15 എണ്ണം പാളംതെറ്റി. യശ്വന്ത്പൂർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളും പാളംതെറ്റി.
അപകടത്തെത്തുടർന്ന് ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെൽപ് ലൈൻ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 82495 91559 (ബാലസോർ), 080 22356409 (ബെംഗളൂരു)