ന്യൂഡൽഹി: ഒഡിഷയിൽ അപകടത്തിൽപ്പെട്ട കോറമാണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി പുറത്ത്. പച്ച സിഗ്നൽ ലഭിച്ചശേഷമാണ് ട്രെയിൻ നീങ്ങിയത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ല. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ് മൊഴി നൽകി.
അതേസമയം, ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദമാക്കുന്നത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ്. ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈയിലേക്കുള്ള കോറമാണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്നാണ് ഉദ്യോഗസ്ഥർ ആദ്യം വ്യക്തമാക്കിയിരുന്നത്. അപകടസ്ഥലത്തെത്തി പരിശോധന നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.