ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു. ഉറ്റവരുടെ മൃതദേഹങ്ങൾ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബാലസറിലെ കൺവൻഷൻ സെന്റർ സാക്ഷിയാകുന്നത്. പരിമിതമായ സൗകര്യങ്ങളിൽ മൃതദേഹങ്ങൾ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്സൈറ്റുകളിൽ വിവരം ലഭ്യമാണ്. മരിച്ചവരുടെ ചിത്രങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനായാണ് ചിത്രങ്ങൾ വെബ്സൈറ്റിൽ നൽകിയത്. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.