ചെന്നൈ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് 250 പേരുടെ സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്.ബാലസോറിൽ നിന്നും ചെന്നൈയിലെത്തിയ മലയാളി യാത്രികരെ നോർക്ക മുഖേന കേരളത്തിലേക്ക് കൊണ്ടുവരുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ചെന്നൈയിൽ എത്തിയ സംഘത്തിൽ പത്ത് മലയാളികളുമുണ്ട് . പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്വീകരിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യനും റവന്യു മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനും ഉണ്ടായിരുന്നു.
യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആറ് ആശുപത്രികളിലായി 207 ഐസിയുകളും 250 കിടക്കകളും സജ്ജമാണ്. ചെന്നൈയിൽ എത്തിയ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏഴ് പേർക്ക് നിസാര പരിക്കുകളുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. അവരെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.