ബാലസോർ ട്രെയിൻ ദുരന്തം നടന്ന സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളത് . അറ്റത്തുള്ള രണ്ട് ട്രാക്കുകളിലും അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു കരുതുന്നു . അപകടം നടന്ന സമയത്ത് നാല് ട്രാക്കുകളിലും ട്രെയിൻ ഉണ്ട്. ഈ ട്രാക്കുകൾക്കിടയിൽ ലൂപ് ട്രാക്കുകളുണ്ട്. അതായത് ഒരു ട്രെയിനിന് മറ്റൊരു ട്രാക്കിലേക്ക് മാറാനുള്ള സംവിധാനമാണിത്. ഇതിലൂടെ തീർത്തും വേഗത കുറച്ചാണ് ട്രെയിനുകൾ സഞ്ചരിക്കുക.
ലൂപ് ട്രാക്കിലേക്ക് ട്രെയിൻ മാറിയ സമയത്തുണ്ടായ പിഴവാണ് അപകടത്തിനു കാരണമായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സിഗ്നലിങ്ങിലെ പ്രശ്നമാണ് അപകടത്തിനു കാരണമെന്ന വിശദീകരണം. നടുവിലെ രണ്ട് ട്രാക്കുകളിൽ ഒന്നിലൂടെ വന്ന ഷാലിമാർ – ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇതെങ്ങനെ സംഭവിച്ചു എന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. ലൂപ് ട്രാക്കിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സിഗ്നൽ സംവിധാനത്തിലെ പിഴവാണ് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്.
പോയിന്റ് മെഷീനിൽ ഉണ്ടായ തകരാറാകാമെന്നു സിഗ്നൽ എൻജിനീയർമാർ വ്യക്തമാക്കുന്നുണ്ട് . ടേൺ ഔട്ടുകൾ ക്രമീകരിക്കുന്ന പോയിന്റ് മെഷിന്റെ വയറിങ്ങിൽ ഉണ്ടായ തകരാർ അപകടത്തിനു കാരണമായിട്ടുണ്ടാകാം. പോയിന്റ് മെഷീനുകൾ സ്വിച്ച് മെഷീൻ എന്നും പറയുന്നു. ലൂപ്പ് ട്രാക്കിൽ ആദ്യം എത്തിയത് ഗുഡ്സ് ട്രെയിൻ ആണ്. രണ്ടാമതായി എത്തിയ കോറമാണ്ഡൽ മെയിൻ ട്രാക്കിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ട്രാക്കിലേയ്ക്കു കടന്ന് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെന്നി മാറിക്കിടന്ന ട്രെയിൻ ബോഗികളിലേക്ക് സമാന്തര പാളത്തിലൂടെയത്തിയ ട്രെയിൻ ഇടിച്ചു കയറി. ട്രാക്ക് സ്വിച്ച് ചെയ്തപ്പോഴുണ്ടായ പിഴവാകാം അപകട കാരണമെന്നാണു റെയിൽവേയിൽനിന്നു വിരമിച്ച മുതിർന്ന സിഗ്നൽ എൻജിനീയർ പറയുന്നത്. പോയിന്റ് മെഷീന്റെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ വയറിങ്ങിൽ പിഴവ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. അറ്റകുറ്റപ്പണികൾക്കുശേഷം ശരിയായ പരിശോധനകൾ നടത്താതിരുന്നതാകാം ഇതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.