ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ വേദന രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. നിർഭാഗ്യകരമായ റെയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വളരെ വേദനയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഒഡീഷ ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടുക്കം രേഖപ്പെടുത്തി . ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി താൻ സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.