ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 747 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കൂറ്റൻ ക്രെയിനുകളും ബുൾഡോസറുകളും കൊണ്ടുവന്ന് കോച്ചുകൾ പൂർണമായും ഉയർത്താൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞില്ല.
രക്ഷപ്പെട്ടവരെയും മരിച്ചവരെയും മൂന്ന് ട്രെയിനുകളുടെ കോച്ചുകളിൽനിന്ന് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.രാജ്യത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വെ സ് റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്.കോറമാണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തല്‍. മെയിന്‍ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന എക്സ്പ്രസ്, ച രക്ക് തീവണ്ടികള്‍ നിര്‍ത്തിയിടാന്‍ 750 മീറ്റര്‍ നീളത്തില്‍ പണിയുന്ന ഹ്രസ്വ ട്രാക്കിലേയ്ക്ക് കയറി(ലൂപ്പ് ട്രാക്ക്).
ഈ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് 130 കിലോമീറ്റര്‍ വേഗതയില്‍ വന്ന എക്സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. ശക്തമായ കൂട്ടിയിടി യുടെ ആഘാതത്തില്‍ എക്സ്പ്രസിന്റെ 22 ബോഗികള്‍ പാളം തെറ്റി.ഇതില്‍ മൂന്ന് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോയ യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസിന് മുകളിലേയ്ക്ക് പതിച്ചു. ഇതോടെ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നെന്നുമാണ് നിഗമനം. അതേസമയം 130 കിലോമീറ്റർ വേഗതയില്‍ വന്ന കോറമാണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കയറിയത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സിഗ്നല്‍ സംവിധാനത്തിലെ പാളിച്ചയാണോ അതോ ട്രെയിന്‍ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് പറ്റിയ പിഴവാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.