ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഗുഡ്സ് ഓട്ടോയിലേയ്ക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു.
മൃതദേഹങ്ങൾ ചുമന്നെത്തിച്ച് നിരനിരയായി ഗുഡ്സ് ഓട്ടേയിലേയ്ക്ക് വലിച്ചെറിയുന്നതായി വീഡിയോയിൽ കാണാം. മൃഗങ്ങളല്ല മനുഷ്യരാണവർ എന്ന അടിക്കുറിപ്പോടെ ബി വി ശ്രീനിവാസ് പങ്കുവെച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃതദേഹങ്ങളോട് മര്യാദകേട് കാണിച്ചുവെന്ന ആരോപണം ശക്തമായി.
അതേസമയം ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെത്തിച്ചേർന്നു. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയും അടിയന്തരയോഗം വിളിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അപകട സ്ഥലത്തേക്ക് എത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥലത്തുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കും.