ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തും. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും. തമിഴ്നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്, ശിവ ശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലത്തെത്തും. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി മമത ആശയവിനിമയം നടത്തി.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ രക്ഷാ പ്രവര്‍ത്തന സംഘം ബാലാസോറിലേക്ക് പുറപ്പെട്ടു. ഐടി മന്ത്രി ജി അമര്‍നാഥ് അപകട സ്ഥലത്തെത്തും. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ റെയില്‍വെ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.
ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്സപ്രസും ബംഗളൂരു-ഹൗറ എക്സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 288പേര് അപകടത്തില്‍ മരിച്ചു. 1000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.