ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി ഉയര്‍ന്നു. 900 പേര്‍ക്ക് പരിക്കേറ്റു.ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹാനാഗയിലാണ് രാജ്യത്തെ നടക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി സംഭവിച്ചത് പരമാവധി വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് ലഭിക്കുന്ന വിവരം. ഷാലിമാർ ചെന്നൈ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് യാത്രാ ട്രെയിനുകൾ അവയുടെ പരമാവധി വേഗതയിൽ ആയിരുന്നു. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളംതെറ്റി. എട്ടോളം കോച്ചുകളാണ് പാളംതെറ്റിയത്. മറ്റൊരു ട്രാക്കിലേക്ക് വീണ കോച്ചുകളിലൊന്നിൽ ഈ സമയം ഇതുവഴി കടന്നുപോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ബംഗളൂരുവിൽനിന്ന് കോൽക്കത്തയിലേക്ക് പോകുകയായിരുന്നു യശ്വന്ത്പൂർ എക്സ്പ്രസ്.
അതോടെ കോറമണ്ഡൽ എക്സ്പ്രസിന്റെ 23 ബോഗികളിൽ 15 എണ്ണവും പാളംതെറ്റി. യശ്വന്ത്പൂർ എക്സ്പ്രസിന്റെ 4 കോച്ചുകളും പാളംതെറ്റി.സിഗ്നലിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകൾ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കളക്ടർമാർ, എസ്പി, ബാലസോർ, ഭദ്രക്, ജാജ്പൂർ, കെന്ദുജാർ ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരോടും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി പ്രദീപ് ജെന, ഡെവലപ്മെന്റ് കമ്മീഷണർ-കം-എസിഎസ്- അനു ഗാർഗ്, ഐ ആൻഡ് പിആർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ സിംഗ്, എംഡി, ഒഎസ്ഡിഎംഎ ഗ്യാൻ ദാസ് എന്നിവർ രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമിലുണ്ട്.
റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്.
Howrah helpline – 033 26382217
KGP helpline – 8972073925, 9332392339
BLS helpline – 8249591559, 7978418322
SHM helpline – 9903370746
MAS helpline – 044 25330952, 044 25330953, 044 25354771