തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ ദുരൂഹതയേറ്റി സാമ്പത്തിക തട്ടിപ്പ് പരാതിയും. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി മൂന്ന് പേർ രംഗത്തെത്തി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നു മൂന്ന് പേർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്നു പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.
അതിനിടെ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നാളെ മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കൊലപാതകത്തിലെ ദുരൂഹത നീക്കാനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.
ജോത്സ്യൻ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ജോത്സ്യൻ ദേവിദാസൻ നിർദ്ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പണം കൈമാറേണ്ട വ്യക്തിയുടെ വിവരങ്ങൾ ഫോണിലേക്ക് അയിച്ചു നൽകിയെന്നും ശ്രീതു പറയുന്നു. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സൻ നിഷേധിച്ചു. തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവിദാസൻ വ്യക്തമാക്കിയിരുന്നു.