കൊച്ചി : മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന് ചുള്ളിക്കാട്. ‘മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവര്‍മാത്രം സ്വന്തം ചെലവില്‍ സമൂഹത്തിനു സൗജന്യ സേവനം നല്‍കിക്കൊള്ളണം. ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച മലയാളികള്‍ക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്കു കൊടുത്തോളാം’- ചുള്ളിക്കാട് പറഞ്ഞു. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ബാലചന്ദ്രന് ചുളളിക്കാട് പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ചത്.
എച്ച്മുക്കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്
ഇന്നലേയും ബാലനുമായി ഒത്തിരി നേരം സംസാരിച്ചിരുന്നു…അതിന്റെ ബാക്കിയാണ്….
പുതിയ പാഠങ്ങള്‍
ബാലചന്ദ്രന് ചുള്ളിക്കാട്
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ എന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ചു.
അവയെ ഇങ്ങനെ ക്രോഡീകരിക്കാം.
1) പാട്ട്, ഡാന്‍സ്, മിമിക്രി, തുടങ്ങിയ കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ ഉയര്‍ന്ന പ്രതിഫലം അര്‍ഹിക്കുന്നുള്ളു.
കവികള്‍ പ്രതിഫലം ചോദിക്കാന്‍ പാടില്ല. കാര്‍ വാടകപോലും ചോദിക്കാന്‍ പാടില്ല. സ്വന്തം ചെലവില്‍ ബസ്സിലോ ട്രെയിനിലോ വന്ന് കവിത വായിച്ച് തിരികെ പൊയ്ക്കൊള്ളണം. സംഘാടകര്‍ കനിഞ്ഞ് എന്തെങ്കിലും തന്നാല്‍ അതു വാങ്ങാം. മുറുമുറുപ്പോ പരാതിയോ പാടില്ല.
ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ യാതൊരു പ്രതിഫലവും അര്‍ഹിക്കുന്നില്ലെന്നു മാത്രമല്ല, കാര്‍വാടകപോലും അര്‍ഹിക്കുന്നില്ല. പ്രസംഗിക്കാന്‍ ഔദാര്യപൂര്‍വ്വം ഒരവസരം നല്കിയതുതന്നെ വലിയ ബഹുമതിയായി കരുതി, സംഘാടകര്‍ തരുന്നതുംവാങ്ങി മിണ്ടാതെ പൊയ്ക്കൊള്ളണം.
2) ഇംഗ്ലീഷില്‍ കവിതയെഴുതുന്ന അന്താരാഷ്ട്ര കവികള്‍ക്ക് വിമാനക്കൂലിയും ഉയര്‍ന്ന പ്രതിഫലവും പഞ്ചനക്ഷ താമസവും നല്‍കാം.
3) ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ യാതൊരു പ്രതിഫലവും അര്‍ഹിക്കുന്നില്ലെന്നു മാത്രമല്ല, കാര്‍വാടകപോലും അര്‍ഹിക്കുന്നില്ല. പ്രസംഗിക്കാന്‍ ഔദാര്യപൂര്‍വ്വം ഒരവസരം നല്കിയതുതന്നെ വലിയ ബഹുമതിയായി കരുതി, സംഘാടകര്‍ തരുന്നതുംവാങ്ങി മിണ്ടാതെ പൊയ്ക്കൊള്ളണം.
4) വേണ്ടപ്പെട്ട കവികള്‍ക്കും പ്രഭാഷകര്‍ക്കും ചോദിക്കുന്ന പ്രതിഫലം സംഘാടകര്‍ നല്കിയെന്നു വരും. അതുകണ്ട് അസൂയും ആര്‍ത്തിയും മൂത്ത് അലമ്പുണ്ടാക്കരുത്.മിണ്ടാതിരുന്നുകൊള്ളണം.
5) മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവര്‍മാത്രം സ്വന്തം ചെലവില്‍ സമൂഹത്തിനു സൗജന്യ സേവനം നല്‍കിക്കൊള്ളണം.
ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച മലയാളികള്‍ക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്കു കൊടുത്തോളാം. വിട