തിരുവനന്തപുരം : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കേരള പൊലീസ് ഉദ്യോഗസ്ഥ സംഘത്തിലെ ഒരാളുടെ ബാഗ് സഹപ്രവര്ത്തകന് ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. പിസ്റ്റലും 28 വെടിയുണ്ടകളും അടങ്ങിയ ബാഗ് വീണ്ടെടുക്കാന്‍ ഒരു സംഘം പൊലീസുകാര്‍ സംഭവം സ്ഥലത്ത് ഇറങ്ങി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദേഷ്യത്തില്‍ പുറത്തേക്ക് എറിഞ്ഞ ബാഗ് തര്‍ക്കത്തില്‍പ്പെടാത്ത മൂന്നാമതൊരു ഉദ്യോഗസ്ഥന്റേതായിരുന്നുവെന്നാണ് വിവരം.
ട്രെയിന്‍ മധ്യപ്രദേശിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം.തോക്കും തിരയും ബാഗിലുണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ 10 പൊലീസുദ്യോഗസ്ഥരെ അവിടെത്തന്നെ ഇറക്കി അന്വേഷണത്തിന് നിയോഗിച്ചു. തൃശൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
ബറ്റാലിയന് കമന്‍ഡാന്റ് നല്കിയ പരാതിയെത്തുടര്‍ന്ന് ജബല്‍പുര്‍ പൊലീസ് കേസെടുത്തു. ബറ്റാലിയന് എഡിജിപി എം ആര് അജിത് കുമാര്‍ പ്രാഥമിക വിവരങ്ങള്‍ തേടി. ഡ്യൂട്ടിക്കു പോയ മറ്റുദ്യോഗസ്ഥര്‍ ഇന്ന് തിരികെ കേരളത്തിലെത്തും.