ദിലീപ് നായകനായി എത്തിയ ബാന്ദ്രയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നിർമാതാവ്. അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകണമെന്നും നിർമാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
ചിത്രത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുവെന്നുമാണ് ആരോപണം. കൊള്ളയടിക്കലാണ് ഇവർ നടത്തുന്നതെന്നും നിര്‍മാതാക്കൾ പറയുന്നു. അരുൺ ഗോപിയാണ് ബാന്ദ്രയുടെ സംവിധായകൻ. തെന്നിന്ത്യൻ സുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തിയത്.