തിരുവനന്തപുരം : കുറഞ്ഞ നിരക്കിന് ഇനി കരാറുകള്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതോടെ കെഎസ്ഇബിക്ക് തിരിച്ചടി. 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കുന്നതില്‍ തിരിച്ചടിയായതോടെ അധിക നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ഇതിനകം 203 കോടിയോളം രൂപയുടെ അധിക ബാധ്യത വന്നെന്ന് കെഎസ്ഇബി കമ്മിഷനെ അറിയിച്ചു. ഒരുവര്‍ഷ നഷ്ടം 406 കോടിയാവും.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് നടത്തിയ ഹിയറിംഗിലാണ് മുന്‍ കരാര്‍ പ്രകാരം കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാകില്ലെന്ന് കമ്പനികള്‍ നിലപാടറിയിച്ചത്. ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ കമ്മിഷന് കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജോതിലാല്‍ കമ്മിഷനിലെത്തി കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2003 കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം ചട്ട പ്രകാരം കരാര്‍ പുനഃസ്ഥാപിക്കാന്‍ കമ്മിഷന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിന് പുറത്തുള്ള നാല് കമ്പനികളില്‍ നിന്ന് കെഎസ്ഇബി ദീര്‍ഘകാലമായി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ ടെണ്ടര്‍ നടപടികളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സര്‍ക്കാര്‍, ഒക്ടോബര്‍ 4ന് മന്ത്രിസഭ ചേര്‍ന്ന് കരാര്‍ പുതുക്കാന്‍ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വന്‍ സാമ്പത്തിക ബാധ്യതയുടെ കൂടി സാഹചര്യത്തിലാണ് റദ്ദാക്കിയ കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി അപേക്ഷ നല്‍കിയത്.