

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ് എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.10-നാണ് പുതുവര്‍ഷത്തിലെ അഞ്ചാമത്തെ അതിഥിയായി പത്തുദിവസം പ്രായമുള്ള കുരുന്ന് എത്തിയത്. കുഞ്ഞിന് ‘റിഥം’ എന്നാണ് സമിതി പേരിട്ടിരിക്കുന്നത്.
പുലര്‍ച്ചെ സമിതിയിലെ സുരക്ഷാ ക്യാബിനിലും നഴ്സിംഗ് സ്റ്റേഷനിലും അലാറം മുഴങ്ങിയതോടെയാണ് കുഞ്ഞ് എത്തിയ വിവരം ജീവനക്കാര്‍ അറിഞ്ഞത്. മോണിറ്ററില്‍ തെളിഞ്ഞ ദൃശ്യത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് അശ്വതിയും സുരക്ഷാ ജീവനക്കാരായ പ്രസാദും വിനോദും ചേര്‍ന്ന് കുഞ്ഞിനെ ഏറ്റെടുത്തു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2.4 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2025-ല്‍ സംസ്ഥാനത്തെ അമ്മത്തൊട്ടില്‍ വഴി 45 കുട്ടികളും ഈ വര്‍ഷം അഞ്ചു കുട്ടികളുമാണ് തിരുവനന്തപുരം അമ്മ കരുതലില്‍ ലഭിച്ചത്. പുതുവര്‍ഷത്തില്‍ കോഴിക്കോട് 4 ആലപ്പുഴ 2, കൊല്ലം 1, എന്നിങ്ങനെയാണ് കുട്ടികളുടെ വരവ്.
ഈ വര്‍ഷം മാത്രം സ്വദേശത്തും വിദേശത്തുമായി 33 കുട്ടികളുടെ ദത്തെടുക്കല്‍ നടപടികള്‍ സമിതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിഥത്തിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. കുഞ്ഞിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ശിശുക്ഷേമസമിതി അറിയിച്ചു.