നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബു രാജ്. വർഷങ്ങളായി തനിക്കറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല എന്നാണ് ബാബുരാജ് പറയുന്നത്.അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നും നടൻ കുറിച്ചു. ക്ഷമാപണം നടത്തിക്കൊണ്ട് സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റിന് താഴെയാണ് പിന്തുണയുമായി ബാബുരാജ് എത്തിയത്.
“കഷ്ടം എന്തൊരു അവസ്ഥ “… വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല … കണ്ടിട്ടില്ല ……ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് …. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ.- ബാബുരാജ് കുറിച്ചു.
സിനിമാ മേഖലയിലുള്ളവർ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സുരേഷേട്ടൻ നല്ല മനുഷ്യനാണ് എന്നാണ് ബീന ആന്റണി കുറിച്ചത്. വർഷങ്ങളായി സാറിനെ അറിയാമെന്നും മകളെ പോലെയാണ് തന്നെ കണ്ടിരിക്കുന്നതെന്നുമാണ് ശ്രീവിദ്യ മുല്ലശ്ശേരി കുറിച്ചത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയിൽ നിന്ന് മാധ്യമ പ്രവർത്തകയ്ക്ക് മോശം അനുഭവമുണ്ടായത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു. മാധ്യമ പ്രവർത്തക മാറി നിന്നെങ്കിലും വീണ്ടും തോളിൽ പിടിച്ചു. ഇതോടെ അവർ സുരേഷ് ഗോപിയുടെ കയ്യെടുത്ത് മാറ്റുകയായിരുന്നു. പിന്നാലെയാണ് ക്ഷമാപണവുമായി താരം എത്തിയത്. മാധ്യമപ്രവർത്തയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു.