ലഹോര്‍ : ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന് ടീം പുറത്തായതിന് പിന്നാലെ ക്യാപറ്റന് പദവി ഒഴിഞ്ഞ് ബാബര്‍ അസം.എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ബാബര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2019 ലാണ് ബാബര്‍ അസം പാക്കിസ്ഥാന് നായകസ്ഥാനം ഏറ്റെടുത്തത്.
ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണെന്നും ബാബര്‍ പ്രതികരിച്ചു. നായകസ്ഥാനം ഒഴിയുന്നതായി എക്സിലാണ് ബാബര്‍ അറിയിച്ചത്. ”2019ല്‍ പാകിസ്ഥാന് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഞാന്‍ പല ഉയര്‍ച്ചകളും തിരിച്ചടികളും നേരിടേണ്ടിവന്നു. എന്നാല്‍ എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടേയും പരിശീലകരുടേയും മാനേജ്മെന്റിന്റെയും ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. ഈ യാത്രയില്‍ എനിക്കു പിന്തുണ നല്കിയ പാക്കിസ്ഥാന് ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നതായും ബാബര്‍ കുറിപ്പില്‍ പറയുന്നു.
ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതായും പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബര്‍ കുറിച്ചു. മൂന്നു ഫോര്‍മാറ്റുകളിലും ഒരു അംഗമെന്ന നിലയില്‍ പാക്ക് ടീമിലുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേല്പിച്ച പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിക്കുന്നതായും ബാബര്‍ അസം പ്രതികരിച്ചു.
ലോകകപ്പില്‍ കളിച്ച ഒന്‍പതു മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്. എട്ടു പോയിന്റുമായി ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത പാക്കിസ്ഥാന് സെമി കാണാതെ മടങ്ങി. ലോകകപ്പിലെ മോശം പ്രകടനത്തില്‍ ബാബര്‍ അസമിനും സംഘത്തിനും വലിയ വിര്‍മശനങ്ങളാണ് നേരിടേണ്ടി വന്നത്.