ലക്നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. അയോദ്ധ്യ നഗരത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അയോദ്ധ്യയിലെത്തി അതിഥികളെ സ്വീകരിച്ചിരുന്നു. ഉടനെ ചടങ്ങ് തുടങ്ങും. ചടങ്ങിൽ വിഐപിയുടെ വൻനിരയാണ് എത്തിയിരിക്കുന്നത്.
രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്നുച്ചയ്ക്ക് 12.20നും 12.45നും ഇടയ്ക്കായിരിക്കും നടക്കുക. ഭഗവാന്റെ മിഴി തുറക്കാൻ സ്വർണ സൂചിയിൽ അഞ്ജനമെടുത്ത് കണ്ണെഴുതുമെന്നാണ് റിപ്പോർട്ട്. വിഗ്രഹത്തിന്റെ വശത്തുനിന്നുകൊണ്ടാകും ഇത്. അതോടെ മിഴിതുറക്കുന്ന രാംലല്ല വിഗ്രഹം പൂർണതേജസോടെ ദേവനായി മാറുമെന്നാണ് വിശ്വാസം. അതോടെ ഭക്തർക്ക് പ്രാർത്ഥനകൾ ദേവനു മുന്നിൽ സമർപ്പിക്കാം. അഞ്ചു വയസുകാരന്റെ ഓമനത്തവും തേജസുമുള്ള രാംലല്ല അനുഗ്രഹം ചൊരിയുമെന്നും പുരോഹിതർ പറയുന്നു.
പ്രാണപ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള 14 ദമ്പതികൾ ‘മുഖ്യ യജമാൻ’ പദവിയിൽ ചടങ്ങിനുണ്ടാകും.