ലക്നൗ: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികൾ കാത്തിരുന്ന മുഹൂർത്തം സഫലമായി. അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു. ഉച്ചയ്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തിച്ചേർന്നു. കൈയിൽ കിരീടവും പട്ടുമേന്തിയ ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി.ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടന്നത്.
മൈസൂരുവില്‍നിന്നുള്ള ശില്പി അരുണ്‍ യോഗിരാജ് തയാറാക്കിയ അഞ്ചടി ഉയരമുള്ള ശ്രീരാമന്റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുപ്രായമുള്ള ശ്രീരാമന് അമ്പും വില്ലും ഏന്തിനില്ക്കുന്ന വിഗ്രഹമാണിത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരുന്നു. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള 14 ദമ്പതികൾ ‘മുഖ്യ യജമാൻ’ പദവിയിൽ ചടങ്ങിൽ സംബന്ധിച്ചു.2000ൽ അധികം സന്യാസിമാർ, അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ തെണ്ടുൽക്കർ, അംബാനി കുടുംബം, ചിരഞ്ജീവി, മോഹൻലാൽ, അനുപം ഖേർ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ, പ്രഭാസ്, യഷ് ക്ഷണിക്കപ്പെട്ടവരായ 2200ൽ അധികം വിഐപികൾ ചടങ്ങിൽ പങ്കെടുത്തു.