ലഖ്നൗ : അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്ര നഗര വികസനവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ വീണ്ടും ഭൂമി തട്ടിപ്പ്. അയോധ്യയിലെ ന്യായ് ആനന്ദ് ഭവന് ക്ഷേത്രത്തിന്റെ പരിപാലകന്റെ പരാതിയില്‍ ക്ഷേത്രത്തിലെ പൂജാരി രമാകാന്ത് പഥക്കിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ക്ഷേത്രഭൂമി വ്യാജരേഖയുണ്ടാക്കി പ്രദേശത്തെ ന്യായ് ആനന്ദ് ഭവന് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് വില്പന നടത്തിയെന്ന പരാതിയിലാണ് നടപടി. കൈമാറ്റം സാധ്യമല്ലാത്ത പുരാതന ക്ഷേത്ര ഭൂമിയാണ് പുരോഹിതന് വ്യാജരേഖയുണ്ടാക്കി കൈമാറിയത് എന്നാണ് പരാതി.
ന്യായ് ആനന്ദ് ഭവന് ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന രമാകാന്ത് പഥക്കിനെ നേരത്തെ മറ്റ് ചില ക്രമക്കേടുകളുടെ പേരില്‍ പുജാരി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. 2016 ല്‍ കോടതി ഇടപെട്ടായിരുന്നു ഈ നടപടി. എന്നാല്‍ സ്റ്റേ ഉത്തരവ് വാങ്ങി ക്ഷേത്രത്തില്‍ തുടര്‍ന്ന രമാകാന്ത് പഥക് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്ഷേത്ര ഭൂമി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ആരോപണം.
2024 സെപ്തംബര്‍ 21 ന് ആ 21198.8 ചതുരശ്ര അടി വരുന്ന ഭൂമി ശ്രീ രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന് വിറ്റത്. 6 കോടി രൂപയ്ക്കായിരുന്നു കച്ചവടം. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ കോടതി ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. അയോധ്യയിലെ ചക് രാംകോട്ടിലെ 280, 281, 282, 283, 289 എന്നീ നസുല്‍ ഭൂമി പ്ലോട്ടുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രേഖകള്‍ പ്രകാരം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികള്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ക്രയവിക്രയം ചെയ്യാന്‍ ആകില്ലെന്നിരിക്കെയാണ് പൂജാരി വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തിരിക്കുന്നത്.