അയോധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ അയോധ്യയിൽ ഉത്സവാന്തരീക്ഷം. ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ച് ഒന്നിന് അവസാനിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്.
രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ സത്യഗോപാൽ ദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭഗത് എന്നിവരും പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 8000ഓളം പേരുടെ സാന്നിധ്യമുണ്ടാകും. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ യജമാനൻമാരായി 15 ദമ്പതികളെ പങ്കെടുപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്. പ്രാണ പ്രതിഷ്ഠയ്ക്കുശേഷം നയാഘാട്ടിലെ പ്രത്യേക വേദിയിൽ പ്രധാനമന്ത്രി സംസാരിക്കും.
ദക്ഷിണേന്ത്യൻ സന്ദർശനത്തിനുശേഷം ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് അയോധ്യായിലെത്തും.സുരക്ഷയ്ക്കായി 13,000 സേനാംഗങ്ങൾക്കു പുറമെ, ബോംബ്, ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചു. യുപി സ്പെഷൽ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്എസ്എഫ്) ആന്റി-ഡ്രോൺ സംവിധാനം ആകാശ നിരീക്ഷണം നടത്തുന്നുണ്ട്.മുഴുവൻ പരിപാടിയും തത്സമയം പ്രദർശിപ്പിക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ചൊവ്വാഴ്ച രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.