മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം ജാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിഞ്ഞത്.
ആദ്യരണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്നറുടെ തിരിച്ചുവരവ്. സ്കോര്‍; 3-6,3-6,6-4,6-4, 6-3. 22 കാരനായ സിന്നര്‍ ലോകറാങ്കിങ്ങില്‍ നാലാമതാണ്. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമായിരുന്നു നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ ഇല്ലാത്ത ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നടന്നത്. ബിഗ് ത്രീയല്ലാത്തൊരാള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നതും 10 വര്‍ഷത്തിന് ശേഷമാണ്.
25ാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ സെമിയില്‍ 1-6, 2-6, 7-6, 3-6 എന്ന സ്കോറിനാണ് സിന്നര്‍ തളച്ചത്. ആദ്യ രണ്ടു സെറ്റുകളും സിന്നര്‍ അനായാസം നേടിയെങ്കിലും മൂന്നാം സെറ്റില്‍ ജോക്കോ തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ സിന്നര്‍ ജയിച്ചുകയറുകയായിരുന്നു.