സിഡ്നി : രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസ്ട്രേലിയ. ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി. 83 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. വിന്‍ഡീസിന്റെ പോരാട്ടം 43.3 ഓവറില്‍ 175 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി വിന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്, 25 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ്, 19 റണ്‍സെടുത്ത അല്‍സാരി ജോസഫ് എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്. ഒരു ഘട്ടത്തിലും വിന്‍ഡീസ് ജയിക്കാനുള്ള ആര്‍ജവം പുറത്തെടുത്തില്ല.
ബാറ്റ് ചെയ്ത് നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സീന്‍ ആബോട്ട് ബൗളിങിലും തിളങ്ങി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡും മൂന്ന് വിക്കറ്റെടുത്തു. വില്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റുകളും നേടി. ആരോണ്‍ ഹാര്‍ഡി, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ബാറ്റിങിനു ഇറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 200 കടക്കുമോ എന്നു സംശയമായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ സീന്‍ ആബ്ബോട്ടിന്റെ അവസരോചിത ബാറ്റിങാണ് ഓസീസിനെ ഈ നിലയിലേക്ക് എത്തിച്ചത്. 167 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു ഓസ്ട്രേലിയ.
ആബോട്ട് അര്‍ധ സെഞ്ച്വറി നേടി. താരം 63 പന്തില്‍ ഒരു ഫോറും നാല് സിക്സും സഹിതം 69 റണ്‍സെടുത്തു. 33 പന്തില്‍ 18 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വില്‍ സതര്‍ലാന്‍ഡ് പിന്തുണച്ചു. ആദം സാംപ (8), ജോഷ് ഹെയ്സല്‍വുഡ് (4) എന്നിവര്‍ പുറത്താകാതെ നിന്നു. മാത്യു ഷോട്ട് (41), കാമറൂണ്‍ ഗ്രീന്‍ (33), ആരോണ്‍ ഹാര്‍ഡി, മര്‍നസ് ലബുഷെയ്ന് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
തുടക്കത്തില്‍ ഗുഡാകേഷ് മോട്ടിയുടെ ബൗളിങാണ് ഓസീസിനെ വട്ടം കറക്കിയത്. താരം പത്തോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ്, റൊമേരിയോ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. മാത്യു ഫോര്‍ഡ്, ഒഷെയ്ന് തോമസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.