മെൽബൺ: പാറ്റ് കമ്മിൻസിനെയും മിച്ചൽ സ്റ്റാർക്കിന്റെയും കൃത്യതയാർന്ന പന്തുകൾക്കു മുന്നിൽ പിടിച്ചുനില്‍ക്കാനാകാതെ വാലറ്റം കീഴടങ്ങിയതോടെ മെൽബൺ ടെസ്റ്റിൽ പാക്കിസ്ഥാന് 79 റൺസിന്റെ തോൽവി.രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ 317 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 237 റൺസിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസും നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കുമാണ് പാക്കിസ്ഥാനെ തകർത്തത്. രണ്ട് ഇന്നിംഗ്സിലുമായി പത്തുവിക്കറ്റ് വീഴ്ത്തിയ കമ്മിൻസാണ് കളിയിലെ താരം.
ഓപ്പണര്‍മാരായ അബ്ദുളള ഷെഫീഖ് (4), ഇമാം ഉള് ഹഖ് (12) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ക്രീസിൽ ഉറച്ചുനിന്ന നായകൻ ഷാൻ മസൂദും (60) ബാബർ അസമും (41) മികച്ച കൂട്ടുകെട്ടിലൂടെ സ്കോർ ഉയർത്തി. ഇരുവർക്കും പിന്നാലെ സൗദ് ഷക്കീൽ (24), മുഹമ്മദ് റിസ്വാൻ (35), ആഘ സൽമാൻ (50) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഒരുഘട്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തുമെന്നുതന്നെ ഏവരും കരുതി.എന്നാൽ, വാലറ്റത്തെ ബാറ്റർമാർ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങിയതോടെ വിജയം അകന്നുപോകുകയായിരുന്നു. അവസാനത്തെ നാല് ബാറ്റർമാർക്കും അക്കൗണ്ട് തുറക്കാനായില്ല. ആമിർ ജമാൽ, ഷഹീൻ ഷാ അഫ്രീദി, മിർ ഹംസ എന്നിവർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഹസൻ അലി പുറത്താകാതെ നിന്നു.
നേരത്തെ ആറിന് 187 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 262ന് പുറത്താകുകയായിരുന്നു. അലക്സ് ക്യാരി (53), മിച്ചല്‍ സ്റ്റാര്‍ക്ക് (9), പാറ്റ് കമ്മിന്‍സ് (16), നഥാന്‍ ലിയോണ്‍ (11) എന്നിവരുടെ വിക്കറ്റുകൾ വേഗം നഷ്ടമായത് ആതിഥേയർക്ക് തിരിച്ചടിയായി. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദി, മിര്‍ ഹംസ എന്നിവർ നാലുവിക്കറ്റ് വീതം വീഴ്ത്തി.