ബെനോനി : ലോകകപ്പ് കീരീടം നേടിയ ഓസിസ് താരങ്ങളെപ്പോലെ, ഇന്ത്യന്‍ കൗമരപ്പടയെ തകര്‍ത്ത് അണ്ടര്‍19 ലോകകീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത് 174 റണ്‍സ് മാത്രം.
അര്ഷിന് കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന് (22), ഉദയ് സഹറാന്‍ (എട്ട്), സച്ചിന് ദാസ് (ഒന്‍പത്), പ്രിയന്‍ഷു (ഒന്‍പത്), ആരവെല്ലി അവനിഷ് (പൂജ്യം) ആദര്‍ശ് സിങ് (47), രാജ് ലിംബാനി (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ഓപ്പണര്‍ ആദര്‍ശ് സിങ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
മൂന്നാം ഓവറില്‍ സ്കോര്‍ മൂന്നില്‍ നില്‍ക്കെയാണ് അര്ഷിന് കുല്‍ക്കര്‍ണിയെ കലും വിഡ്ലര് ഓസീസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചത്.തകര്‍പ്പന്‍ ഫോമിലുള്ള മുഷീര്‍ ഖാനും ഫൈനലില്‍ കാലിടറി. മഹ്ലി ബേര്‍ഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീര്‍ കൂടാരം കയറി. ഉദയ് സഹറാനും സച്ചിന് ദാസും തിളങ്ങാനാകാതെ മടങ്ങിയതോടെ കടുത്ത സമ്മര്‍ദത്തിലായി പ്രിയന്‍ഷു മൊലിയ ഒന്‍പതു റണ്‍സെടുത്തു. സ്കോര്‍ 91 ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.
ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്കോര്‍ ഉയര്‍ത്തുന്നത്.
55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്കോറര്‍. താരം മൂന്ന് വീതം സിക്സും ഫോറും പറത്തി. മധ്യനിരയില്‍ 43 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന ഒലിവര്‍ പീക്കിന്റെ ബാറ്റിങും ഓസീസിനു നിര്‍ണായകമായി. ഓപ്പണര്‍ ഹാരി ഡിക്സന് (42), ക്യാപ്റ്റന്‍ ഹ്യു വീഗന്‍ (48) എന്നിവരും ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങി.ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ തിവാരി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ, മുഷീര്‍ ഖാന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.