കൊച്ചി : കാലവർഷം തകർത്തുപെയ്യേണ്ട ഓഗസ്റ്റിൽ ഇതുവരെ ലഭിച്ചത് 25.1 മില്ലീമീറ്റർ മഴമാത്രം. 90 ശതമാനമാണ് കുറവ്. ആഗസ്ത് ഒന്നുമുതൽ 15 വരെ സംസ്ഥാനത്ത് ശരാശരി 254.6 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. പോയവർഷം 326 മില്ലീമീറ്ററും 2019ൽ 686.2 മില്ലീമീറ്ററും കിട്ടി. പ്രധാന കാലവർഷ സമയമായ ജൂൺ ഒന്നുമുതൽ ആഗസ്ത് 15 വരെ 44 ശതമാനം മഴയുടെ കുറവുണ്ട്.
ഇടുക്കിയിലാണ് ഏറ്റവും കുറവ്.- 60 ശതമാനം. വയനാട്ടിൽ 55 ശതമാനത്തിന്റെയും കോഴിക്കോട്ട് 53 ശതമാനത്തിന്റെയും കുറവാണ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്നും മഴ ലഭിച്ചില്ലെങ്കിൽ വലിയ വരൾച്ചയിലേക്ക് സംസ്ഥാനം നീങ്ങും.