കോഴിക്കോട് : കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം.
ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലും, ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിര്‍ന്നത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു.
ഷട്ടര്‍ തുറക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടര്‍ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്പ്പെടുത്തി. പോളിടെക്നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.