ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കറുത്ത സ്കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്. യുപി പൊലീസും ഡല്‍ഹി പൊലീസും ആംബുലന്‍സും ഉള്‍പ്പെയുണ്ടിയിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിര്‍ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്താണ് കാറില്‍ ഗവര്‍ണര്‍ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാനായി ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.