കോഴിക്കോട് : അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദർ (62) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അമ്മ. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്. അതിനാൽ പൊലീസ് എത്തിയപ്പോൾ പരാതി നൽകാൻ പെൺകുട്ടിയും അമ്മയും തയ്യാറായില്ല. വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചു.
തുടർന്ന് നഴ്സിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു.