ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ പുകയാക്രമണം, സുരക്ഷ എന്നീ വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 33 എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിന്റെ ലോകസ്ഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കേരളത്തില്‍ നിന്നുള്ള ആറ് എംപിമാരും ഇതില്‍ ഉള്‍പ്പെടുന്നു. സഭയ്ക്കകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു, സ്പീക്കറുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു, സഭയില്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് ശൈത്യകാല സമ്മേളനം തീരും വരെ സസ്പെന്‍ഡ് ചെയ്തത്.
ഇടി മുഹമ്മദ് ബഷീര്‍, എന്‍കെ പ്രേമചന്ദ്രന്, ആന്റോ ആന്റണി, കെ മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് രാജ് മോഹന്‍ ഉണ്ണിത്താന് എന്നിവരാണ് ഇന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുളള എംപിമാര്‍. ജയകുമാര്‍, അബ്ദുള്‍ ഖാലിദ്, വസന്ത്കുമാര്‍ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ക്ക് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് പ്രിവിലേജ് കമ്മറ്റി ഇവരുടെ പെരുമാറ്റം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെ സസ്പെന്ഷന് തുടരും. ഇതോടെ സസ്പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം നാല്‍പ്പത്തിയാറായി.
ഉച്ചയ്ക്ക് സഭാ നടപടികള്‍ തുടങ്ങിയ ശേഷം ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അവഗണിച്ച് പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കി. നേരത്തെ ലോക്സഭ പാസാക്കിയ ബില്ലാണിത്. തപാല്‍ വഴി അയക്കുന്ന പാക്കറ്റുകള്‍ സുരക്ഷയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്നുപരിശോധിക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ ബില്‍. ബില്‍ പാസാക്കിയതിന് പിന്നാലെയാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.