തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പടെയാണ് പിടിയിലായിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രാത്രിയാണ് കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ആര്എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് വെട്ടേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ അഞ്ചംഗ സംഘം ചവിട്ടി വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് ആണ് വിഷ്ണു.അഞ്ചോളം പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വിഷ്ണുവിന്റെ മൊഴി. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
അമ്പലത്തിൻകാല കാഞ്ഞിരവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ടൈൽസിന്റെ കൂർത്തഭാഗം കൊണ്ടായിരുന്നു യുവാവിന് നേരെ ആക്രമണം നടത്തിയത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരിയെല്ലിന്റെ ഭാഗത്തേറ്റ പരിക്കു ഗുരുതരമാണ്. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പ്രദേശത്തെ ലഹരി സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതു സ്ഥിരീകരിക്കാനാകൂവെന്ന് പൊ ലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേത്വത്തിൽ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.