കോട്ടയം: തിരുവാര്‍പ്പില്‍ സ്വകാര്യബസുടമയെ മര്‍ദിച്ച സിഐടിയു നേതാവ് പൊലീസ് കസ്റ്റഡിയില്‍. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റും തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവുമായ അജയ് ആണ് പിടിയിലായത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസിന് മുന്നില്‍ സിഐടിയു കൊടികുത്തിയതിനെ തുടര്‍ണ്ടായ തര്‍ക്കത്തിലാണ് ബസുടമയായ രാജ്മോഹന്‍ മര്‍ദനമേറ്റത്.
ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ രാജ്മോഹന്‍ എത്തിയത്. ഈ സമയത്ത് സ്ഥലത്ത് എത്തിയ അജയ് രാജ്മോഹനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെതിരേ അസഭ്യഭാഷണം നടത്തിയെന്നും പരാതിയുണ്ട്. പൊലീസിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് തൊഴില്‍ തര്‍ക്കതെത്തുടര്‍ന്ന് തിരുവാര്‍പ്പ് കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സിഐടിയു കൊടി കുത്തിയത്. പിന്നാലെ ബസുടമ കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് ഇയാള്‍ സ്ഥലത്തെത്തിയത്.