തൃശൂർ: ചൊവ്വൂരിൽ സംഘർഷം തടയാനെത്തിയ പൊലീസുകാരനെ വെട്ടിപരിക്കേൽപിച്ച് കടന്നുകളഞ്ഞ മൂന്ന് പേർ പിടിയിൽ. ചൊവ്വൂർ സ്വദേശികളായ ജിനോ, മെജോ അനീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജിനോ കൊലക്കേസ് പ്രതിയാണ്.പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിൽ വച്ചാണ് ഇവരെ പിടികൂടിയത്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ചേർപ്പ് സ്റ്റേഷനിലെ സുനിൽ കുമാറിന് വെട്ടേറ്റത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂർ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. ഇയാളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് സംഘം സ്ഥലത്തെത്തിയത്.എന്നാൽ രാവിലെ മുതൽ തന്നെ വാക്കേറ്റവും തർക്കവും ഉണ്ടായതിനാൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടിരുന്നു.
വൈകുന്നേരം ഈ സംഘം വീണ്ടുമെത്തി വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉടനെ പൊലീസുകാരെത്തുകയും ഇവരെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് സുനിൽകുമാറിന് വെട്ടേറ്റത്.സുനിൽ കുമാറിനെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. അപകടനില തരണം ചെയ്തതായാണ് വിവരം.