ന്യൂഡല്‍ഹി: അതിഷി മെര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാള്‍. അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായ ഒന്നാണ്. അതിഷി ഡമ്മി മുഖ്യമന്ത്രിയാണ്. ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്ന് സ്വാതി മലിവാള്‍ പറഞ്ഞു.
ഭീകരനായ അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്കെതിരെ വാദിച്ചത് അതിഷിയുടെ കുടുംബമാണ്. അഫ്സല് ഗുരുവിന് വേണ്ടി നിരവധി തവണയാണ് അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. അഫ്സല് ഗുരു നിഷ്കളങ്കനാണെന്നും, രാഷ്ട്രീയ ഗൂഢാലോചനയെത്തുടര്‍ന്നാണ് അഫ്സല് ഗുരുവിനെ കുറ്റവാളിയാക്കിയതെന്നുമാണ് അവര്‍ വാദിച്ചത്. ആ കുടുംബത്തില്‍പ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു.
അതിഷി മെര്‍ലേനയ്ക്കാതിരായ കടുത്ത വിമര്‍ശനം എഎപി നേതൃത്വത്തെ ചൊടിപ്പിച്ചു. പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തുവന്ന സ്വാതി മലിവാള്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. സ്വാതി മലിവാള്‍ വായിക്കുന്നത് ബിജെപി തിരക്കഥയാണ്. ബിജെപിക്കു വേണ്ടി പാർട്ടിയിൽ തുടരാനാകില്ല. നാണവും ധാർമ്മികതയുമുണ്ടെങ്കിൽ രാജിവെച്ചു പോകണം. ബിജെപിയോട് രാജ്യസഭാ ടിക്കറ്റ് സ്വാതി മലിവാള്‍ ആവശ്യപ്പെടണമെന്നും എഎപി നേതൃത്വം അഭിപ്രായപ്പെട്ടു.
ഏറെക്കാലമായി എഎപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹി മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയായിരുന്ന സ്വാതി മലിവാള്‍. വനിതാ കമ്മീഷന് പദവിയുടെ കാലാവധി കഴിഞ്ഞതോടെയാണ് സ്വാതി മലിവാളിനെ എഎപി രാജ്യസഭാ എംപിയാക്കിയത്. മുഖ്യമന്ത്രി കെജരിവാളിന്റെ വീട്ടില്‍ വെച്ച് പാര്‍ട്ടി നേതാവ് ബിഭവ് കുമാറില്‍ നിന്നും മര്‍ദ്ദനമേറ്റ സംഭവത്തോടെയാണ് സ്വാതി മലിവാള്‍ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി അകന്നത്.