ന്യൂഡൽഹി: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് പ്രതിപക്ഷമായിരുന്ന ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് ശശി തരൂർ പരിഹസിച്ചത്.
‘ഒടുവിൽ അബ് കി ബാർ 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’- എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. ബിജെപി 370 സീറ്റുകൾ കടക്കുമെന്നും എൻഡിഎ മുന്നണി 400 സീറ്റ് നേടുമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രവചനം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ മുന്നണി ആകെ നേടിയത് 293 സീറ്റുകളും.ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ 650 അംഗ പൊതുസഭയിൽ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റ് മതി. ബ്രിട്ടനിലെ ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് വെറും 121 സീറ്റാണ് കിട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. നിലവിലുള്ള സഭയിലെ 202 സീറ്റാണ് ലേബർ പാർട്ടി ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്. കൺസർവേറ്റിവ് പാർട്ടിക്ക് 344 സീറ്റുണ്ടായിരുന്നു. ലേബർ പാർട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സർ കിയർ റോഡ്നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി.