കോഴിക്കോട് : മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. ആറുപതിറ്റാണ്ട് നീണ്ട മധുവിന്റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദകര്‍ക്ക്…മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ പ്രിയനടന് ജന്മദിനാശംസകൾ നേരുകയാണ് സാംസ്കാരിക കേരളം.
മലയാള സിനിമയിൽ സത്യനും നസീറും കിരീടം വെച്ച രാജാക്കന്മാരായി നിറഞ്ഞു നിന്ന സമയത്താണ് മധുവിന്റെ അരങ്ങേറ്റം. നിണമണിഞ്ഞ കാൽപ്പാടുകൾ ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് മധുവിനെ തേടി സിനിമകളുടെ പ്രവാഹമായിരുന്നു. കുട്ടിക്കുപ്പായം, ഭാർഗവീനിലയം, മുറപ്പെണ്ണ്, കാട്ടുപൂക്കൾ, ഈറ്റ , തീക്കനൽ, അഭിനയസാധ്യതയുടെ ഒരു വലിയ ലോകം മധുവിന്റെ മുന്നിൽ തുറന്നു.
നായകകഥാപാത്രങ്ങൾ ഏറെയുണ്ടെങ്കിലും മലയാളി പ്രേക്ഷകൻ മധുവിനെ എല്ലാ അർത്ഥത്തിലും സ്വീകരിച്ചത് ചെമ്മീനിലെ പരീക്കുട്ടിയിലൂടെയാണ്. വിഷാദ നായകന്റെ ഭാവങ്ങൾക്ക് മധു പൂർണതയേകി. മധുവിനപ്പുറം മറ്റൊരു നിരാശകാമുകനെ ചിന്തിക്കാൻ പോലും മലയാളികൾക്കാവുമായിരുന്നില്ല.
ഓളവും തീരത്തിലെ ബാപ്പുട്ടി, ഉമ്മാച്ചുവിലെ മായൻ, ഇതാ ഇവിടെ വരെയിലെ പൈലി, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ്, തീക്കനലിലെ കള്ളക്കടത്തുകാരൻ..മധു ജീവൻ നൽകിയ കഥാപാത്രങ്ങൾ നിരവധിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്കുള്ള മലയാള സിനിമയുടെ പരിണാമം മധുവിന്റെ കരിയറിലും കാണാം. ആറു പതിറ്റാണ്ട് കൊണ്ട് മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. നരനിലെ വലിയ നമ്പ്യാരും കാര്യസ്ഥനിലെ മുത്തച്ഛൻ വേഷവും പുതുതലമുറയുടെ ഇഷ്ടവേഷങ്ങളാണ്.
മധുവിന്റെ ജീവിതം നടനിൽ മാത്രം ഒതുങ്ങിയില്ല, സവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഘാടകൻ എന്നീ നിലകളിലും കഴിവു തെളിയിച്ചു. എല്ലാ അർത്ഥത്തിലും സമഗ്രമായിരുന്നു മധുവിന്റെ സംഭാവനകൾ. ഇനിയും ഏറെക്കാലം ആ അഭിനയമധുരം നുകരാൻ മലയാളികൾക്കാവട്ടെ. മലയാളസിനിമയുടെ കാരണവർ മധുവിന് പിറന്നാൾ ആശംസകൾ.